ഉത്തര കൊറിയ ഭക്ഷ്യക്ഷാമത്തിലേക്കോ? അടിയന്തര യോഗം വിളിച്ച് കിം ജോങ് ഉൻ
പോങ്യാങ്: ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉൽപാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉൻ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉത്തരകൊറിയയുടെ അവസ്ഥ മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടെയാണ് കിം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ വർഷം ധാന്യ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് കിം ജോങ് ഉൻ പറഞ്ഞതായാണ് മാധ്യമ റിപ്പോർട്ടുകൾ. നേരത്തെ നടന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിൽ സുസ്ഥിരമായ കാർഷിക ഉത്പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.