ഐഎസ്എൽ; നോര്‍ത്ത് ഈസ്റ്റിനെ പൂട്ടി, ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം
കൊച്ചി: തുടർച്ചയായ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ വിജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ഗോളുകൾ നേടിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ഹോം ഗ്രൗണ്ടിൽ ആദ്യ മിനിറ്റ് മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചു. നിലവിലെ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെതിരെ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് കൊച്ചിയെ ആവേശഭരിതമാക്കി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 42-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്നുള്ള ബ്രൈസ് മിറിൻഡയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനായി മത്സരത്തിലെ ആദ്യ ഗോൾ നേടി. 44-ാം മിനിറ്റിൽ ഡയമന്റക്കോസ് തന്നെ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി. എല്ലാ നോർത്ത് ഈസ്റ്റ് ഡിഫൻഡർമാരെയും തകർത്ത് ഫീൽഡിന്‍റെ മധ്യത്തിൽ നിന്നുള്ള അഡ്രിയാൻ ലൂണയുടെ പാസ് ഡയമന്റക്കോസ് എളുപ്പത്തിൽ ലക്ഷ്യത്തിലെത്തിച്ചു. ആദ്യപകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന്‍റെ ലീഡ് നേടിയിരുന്നു.