ഐഎസ്എൽ; സീസണിലെ ആദ്യ വിജയം നേടി ഈസ്റ്റ് ബംഗാൾ
ഗുവാഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചു. മത്സരം ടീം 3-1ന് ജയിച്ചു. ഈസ്റ്റ് ബംഗാളിനായി ക്ലെയിറ്റണ്‍ സില്‍വ, ഷാരിസ് കൈറിയാകൗ, ജോര്‍ദാന്‍ ഓ ഡൊഹേര്‍ട്ടി എന്നിവര്‍ ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി മാറ്റ് ഡെർബിഷയർ ആശ്വാസ ഗോൾ നേടി. സീസണിലെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളും ടീം തോറ്റിരുന്നു. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് മത്സരങ്ങളും തോറ്റ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയിൽ ഏറ്റവും താഴെയാണ്. മത്സരത്തിന്‍റെ 10-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. ക്ലെയിറ്റണ്‍ സില്‍വയാണ് ടീമിനായി ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഡിഫൻഡർ മുഹമ്മദ് ഇർഷാദിൻ്റെ പിഴവിലാണ് ആദ്യ ഗോൾ നേടിയത്. പന്ത് പാസ് ചെയ്യുന്നതിൽ ഇർഷാദ് പരാജയപ്പെട്ടു. നയോറം സിംഗ് പന്ത് തട്ടിയെടുത്ത് ക്ലെയിറ്റണ്‍ സില്‍വയ്ക്ക് പാസ് നൽകി. ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ കാലുകൾക്കിടയിലൂടെ പന്ത് സിൽവ വലയിലെത്തിച്ചു.