ഐഎസ്എൽ ഫൈനൽ; മുംബൈ ഫുട്ബോൾ അരീന വേദിയാകാൻ സാധ്യത
മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ ഫൈനലിന് മുംബൈ ആതിഥേയത്വം വഹിക്കാൻ സാധ്യത. പ്രശസ്ത പത്രപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. കൊച്ചിയും കൊൽക്കത്തയും പരിഗണിക്കുന്നുണ്ടെങ്കിലും സാധ്യതാ പട്ടികയിൽ മുംബൈ മുന്നിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തവണ ആറ് ടീമുകളാണ് ഐഎസ്എൽ പ്ലേ ഓഫിലേക്ക് മുന്നേറുന്നത്. ലീഗ് ഘട്ടത്തിനു ശേഷം മാർച്ച് 3 മുതൽ പ്ലേ ഓഫുകൾക്ക് തുടക്കം കുറിക്കും. ഫൈനൽ മാർച്ച് 18ന് നടക്കും. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വേദിയുടെ കാര്യത്തിൽ പ്രഖ്യാപനമായിട്ടില്ല. എന്നിരുന്നാലും, മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അരീനയായിരിക്കും മത്സരത്തിനു വേദിയാവുകയെന്ന് മാർക്കസ് പറഞ്ഞു. ഐഎസ്എല്ലിന്‍റെ ഒന്നും അഞ്ചും സീസണുകളുടെ ഫൈനൽ മത്സരങ്ങൾ മുംബൈയിൽ നടന്നിട്ടുണ്ട്. ആദ്യം ഡി വൈ പാട്ടീൽ സ്റ്റേഡിയവും പിന്നീട് മുംബൈ ഫുട്ബോൾ അരീനയുമായിരുന്നു വേദി. ഐഎസ്എല്ലിന്‍റെ മൂന്നാം സീസൺ ഫൈനൽ കൊച്ചിയിലാണ് നടന്നത്. കൊൽക്കത്ത ഇതുവരെ ഐഎസ്എൽ ഫൈനലിന് ആതിഥേയത്വം വഹിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് സീസണുകളുടെ ഫൈനൽ മത്സരങ്ങൾ ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് നടന്നത്.