ഐഎസ്എൽ ഒക്ടോബർ 7 മുതൽ; ഉദ്ഘാടന മത്സരം കൊച്ചിയിൽ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) 2022-23 സീസൺ ഒക്ടോബർ 7 ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേർക്കുനേർ. രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലിനു പിന്നാലെ ഏപ്രിലിൽ സൂപ്പർ കപ്പും നടക്കും. രണ്ട് സീസണുകൾക്ക് ശേഷമാണ് വിവിധ സംസ്ഥാനങ്ങളിൽ സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് ലീഗ് നടക്കുന്നത്. ഈ സീസൺ മുതൽ പ്ലേ ഓഫ് നിയമത്തിലും മാറ്റമുണ്ടാകും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമി ഫൈനൽ ഉറപ്പിക്കും. മറ്റ് സെമി ഫൈനലിസ്റ്റുകളെ എലിമിനേറ്റർ മത്സരങ്ങളിൽ മൂന്ന്, ആറ് സ്ഥാനക്കാരായ ടീമുകളും നാല്, അഞ്ച് സ്ഥാനക്കാരായ ടീമുകളും ഏറ്റുമുട്ടിയാകും മറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.. ഓരോ ടീമും 10 ഹോം മത്സരങ്ങൾ ഉൾപ്പെടെ 20 മത്സരങ്ങൾ കളിക്കും.