ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ ജയം
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചത്. പതിനെട്ടാം മിനിറ്റിൽ ദിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച അതേ സ്റ്റാർട്ടിംഗ് ഇലവനെയാണ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളത്തിലിറക്കിയത്. പ്രഭ്സുഖാൻ ഗില്ലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ വല കാത്തത്. സന്ദീപ് സിംഗ്, മാർക്കോ ലെസ്കോവിച്ച്, റുവ ഹോർമിപാം, നിഷു കുമാർ എന്നിവർക്കായിരുന്നു പ്രതിരോധത്തിന്‍റെ ചുമതല. സഹൽ അബ്ദുൾ സമദ്, കെ.പി.രാഹുൽ എന്നിവർ വിങ്ങിലും ഇവാൻ കലുഷ്നി, ജെയ്ക്സൺ സിങ് എന്നിവർ സെൻട്രൽ മിഡ്ഫീൽഡിന്‍റെയും ചുമതല വഹിച്ചു. പരിക്കേറ്റ മലയാളി താരം വി ബിജോയ് ഇന്ന് ടീമിലുണ്ടായിരുന്നില്ല. സീനിയർ താരങ്ങളായ അപ്പസ്തോലോസ് ജിയാനു, വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, ജെസ്സൽ കാർനെയ്റോ എന്നിവരാണ് പകരക്കാരായി അണിനിരന്നത്.