നാടകീയ രംഗങ്ങളുമായി ഐഎസ്എൽ; കിരീടമില്ലാതെ ബ്ലാസ്റ്റേഴ്സിന് വീണ്ടും മടക്കം
ബെംഗളൂരു: എക്സ്ട്രാ ടൈമിൽ ബെംഗളൂരു ഗോൾ നേടിയതിന് ശേഷം ഐഎസ്എൽ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കളിക്കാരെ തിരിച്ചുവിളിച്ചതിനെ തുടർന്നാണ് മത്സരം മുടങ്ങിയത്. തുടർന്ന് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി. ഇതോടെ ബെംഗളുരുവിനെ വിജയികളായി പ്രഖ്യാപിച്ചു. സെമിഫൈനലിൽ ബെംഗളൂരു എഫ്സി മുംബൈ സിറ്റിയെ നേരിടും. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്കുശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുന്നത്. എക്സ്ട്രാ ടൈമിന്‍റെ തുടക്കത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തി. 96-ാം മിനിറ്റിലെ ഫ്രീകിക്കിലൂടെ ബെംഗളൂരു ലീഡെടുത്തു. സുനിൽ ഛേത്രിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. കളിക്കാർ തയ്യാറാകുന്നതിന് മുമ്പാണ് കിക്ക് എടുത്തതെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് വാദിച്ചു. റഫറി ഗോൾ അനുവദിച്ചതിനെ തുടർന്ന് കോച്ച് ഇവാൻ വുക്മനോവിച്ച് കളിക്കാരോട് മൈതാനം വിടാൻ നിർദ്ദേശിച്ചു. ഏറെ നേരമായിട്ടും കളിക്കാർ തിരിച്ചെത്താതായതോടെ മത്സരം അവസാനിച്ചതായി റഫറി അറിയിക്കുകയായിരുന്നു. ഈ ജയത്തോടെ ബെംഗളൂരു സെമിഫൈനലിലേക്ക് മുന്നേറി.