സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രാവിലെ ഏഴ് മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. ഇത് ഇന്ന് ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോകാനാണ് സാധ്യത. മത്സ്യതൊഴിലാളികൾക്കുള്ള വിലക്ക് തുടരുന്നു.