ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ ബ്ലോക്ക് വരുന്നു
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പകർച്ചവ്യാധി രോഗബാധിതരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി പുതിയ ഐസൊലേഷൻ ബ്ലോക്ക് വരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല സന്ദർശിച്ചു. ശേഷം തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി അവലോകന യോഗം ചേർന്നു.
1.84 കോടി രൂപ ചെലവിൽ 2400 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഈ തുകയുടെ പകുതി വിഹിതം എം എൽ എ ഫണ്ടും പകുതി വിഹിതം കിഫ്‌ബി ഫണ്ടുമാണ്. 1.34 കോടി രൂപ കെട്ടിട നിർമ്മാണത്തിനും 50 ലക്ഷം രൂപ ഉപകരണങ്ങൾ വാങ്ങാനുമായാണ് വകയിരുത്തിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.
ബെന്നി ബഹന്നാൻ എം പി, നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പോൾ, കൗൺസിലർമാരായ ഷിബു വാലപ്പൻ, ദീപു ദിനേശൻ ആശുപത്രി സൂപ്രണ്ട് ഷീജ എൻ എ, കിഫ്‌ബി എൻജിനീയർ ഷെഫീഖ് ജെ , എൻഎച്ച് എം എൻജിനീയർ എൻ എം ശോഭ, കെ എം സി എൽ എൻജിനീയർ സജി കെ വി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.