സർക്കാർ അതൃപ്തി മൂലം ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി തകർന്നു വീണെന്ന റിപ്പോർട്ട് ഐഎസ്ആർഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒഴിപ്പിക്കൽ പ്രക്രിയ തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള ഏഴ് മാസങ്ങളിൽ ജോഷിമഠിലെ ഭൂമി 9 സെന്‍റിമീറ്റർ ഇടിഞ്ഞുതാണിരുന്നു. ഡിസംബർ 27 മുതൽ 12 ദിവസത്തിനുള്ളിൽ ഒറ്റയടിക്ക് 5.4 സെന്‍റിമീറ്റർ ഇടിഞ്ഞു താണതായി ഇസ്രോയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ (എൻആർഎസ്സി) കണ്ടെത്തി. സർക്കാർ ഇടപെടലിനെ തുടർന്നാണ് ഈ റിപ്പോർട്ട് പിൻവലിച്ചത്. അതേസമയം ജോഷിമഠ് പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻഡിഎംഎ) കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 12ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ സംവിധാനങ്ങൾ പുറത്തുവിട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടെന്നും വ്യക്തമായതായി കുറിപ്പിൽ പറയുന്നു. ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.