കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളിയെത്തുന്നത് ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം
കോട്ടയ്ക്കല്‍: മലയാളികളുടെ മറ്റൊരു 'ചരിത്രപുരുഷനായി' മാറുകയാണ് ശശി തരൂർ. ഒന്നേകാൽ നൂറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂരിലൂടെ ഒരു മലയാളിയുടെ പേര് ഉയർന്നുവന്നത്. മല്ലികാർജുൻ ഖാർഗെയുമായുള്ള പോരാട്ടത്തിൽ ജയിച്ചാലും ഇല്ലെങ്കിലും തരൂരിന് കോൺഗ്രസിന്‍റെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ടാകും. 1897-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സര്‍ സി. ശങ്കരന്‍ നായരാണ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലെത്തിയ ഏക മലയാളി. പിന്നീട് ശശി തരൂരിലൂടെ ഇപ്പോഴാണ് ഒരു മലയാളിയുടെ പേര് ആ പദവിയിലേക്ക് ഉയർന്ന് കേൾക്കുന്നത്. പാലക്കാട് വേരുകളുള്ള തരൂർ കുടുംബാംഗമാണ് ശശി തരൂർ. പാലക്കാട് മങ്കരയിലെ ചേറ്റൂർ തറവാട്ടിലാണ് സി.ശങ്കരൻ നായർ ജനിച്ചത്. അഭിഭാഷകനായും മുൻസിഫായും പ്രവർത്തിച്ചിരുന്ന ശങ്കരൻ നായർക്ക് ബ്രിട്ടീഷ് സർക്കാർ, 'കമാന്‍ഡര്‍ ഓഫ് ഇന്ത്യന്‍ എംപയര്‍', 'സർ' എന്നീ പദവികൾ നൽകി. ശങ്കരൻ നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലും അംഗമായിരുന്നു. 1897-ൽ അമരാവതിയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സമ്മേളനത്തിൽ ശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഐകകണ്‌ഠ്യേനയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.