ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം
കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ തോക്കുമായി ധാരാളം ആളുകളെ തങ്ങൾക്കു മുന്നിലേക്ക് അയയ്ക്കുന്നുണ്ടെന്ന് 53 ബ്രിഗേഡ് മേജർ സെർജി പറഞ്ഞു. ഏതാനും മിനിറ്റുകൾ മാത്രമേ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയൂ. റഷ്യ എല്ലാ രാത്രിയിലും ഏഴോ എട്ടോ ട്രൂപ്പ് സൈനികരെ അയയ്ക്കുന്നു. ഇതിനുശേഷം, കൂടുതൽ പരിചയസമ്പന്നരായ കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി വരുന്നു. അതൊരു ഭീകരമായ സാഹചര്യമാണ്. മൃതദേഹങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ റഷ്യൻ വ്യവസായിയായ യെവ്ജെനി പ്രിഗോസിൻ രൂപീകരിച്ച വാഗ്നർ മേഴ്സനറി ഗ്രൂപ്പാണ് ഇത്തരക്കാരെ അയച്ചതെന്ന് ഉക്രൈൻ ആരോപിച്ചു. പ്രിഗോസിന്‍റെ നേതൃത്വത്തിൽ, ആയിരക്കണക്കിന് തടവുകാരെ കുറ്റകൃത്യങ്ങൾക്ക് മാപ്പുനൽകാമെന്നും അവർക്ക് ഭീമമായ ശമ്പളം നൽകാമെന്നും മോഹിപ്പിച്ച് ജയിൽ മോചിതരാക്കുന്നു. ജയിലിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ യുദ്ധക്കളത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. എന്നിരുന്നാലും, മതിയായ പരിശീലനത്തിന്‍റെ അഭാവം കാരണം അവർ യുദ്ധത്തിൽ കൊല്ലപ്പെടുകയാണ്.