പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തരുതെന്ന് ശുപാർശ
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയിരിക്കുന്നത്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പലതവണ പറന്നത് വിവാദമായിരുന്നു.
കഴിഞ്ഞ 28 നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ അഞ്ച് തവണ ക്ഷേത്രത്തിന് മുകളിലൂടെ പറന്നു. ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
വളരെ ഉത്കണ്ഠ ഉയർത്തുന്ന സംഭവമാണെന്നും ഭക്തർ ആശങ്കയിലാണെന്നും ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഹെലികോപ്റ്ററിനെ അവിടെ എത്തിച്ചതാരാണ്?, അവരുടെ ഉദ്ദേശ ലക്ഷ്യമെന്താണ്?, ഇതെങ്ങനെ സംഭവിച്ചു ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷൻ അധികൃതർ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തിൽ നിന്ന് വിരമിച്ച പൈലറ്റുമാർ സ്വകാര്യ വിമാനക്കമ്പനികളിൽ പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം പരിശീലന പറത്തലുകൾ നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.