എയർ ഇന്ത്യ ടാറ്റയ്ക്ക്; കൈമാറ്റം റിപ്പബ്ലിക് ദിനത്തിന് ശേഷം

റിപ്പബ്ലിക് ദിനത്തിനുശേഷം ഏതു ദിവസവും എയർ ഇന്ത്യയുടെ കൈമാറ്റം നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾ ഈയാഴ്ച തന്നെ പൂർത്തിയാക്കാൻ എയർ ഇന്ത്യ ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജനുവരി 26-ന് പോലും ജോലി ചെയ്യേണ്ടി വരുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 1932-ലാണ് ടാറ്റ ഗ്രൂപ്പ് ടാറ്റ എയർലൈൻസ് എന്ന പേരിൽ വിമാനക്കമ്പനി രൂപീകരിക്കുന്നത്. 21 വർഷത്തിനു ശേഷം 1953-ൽ ദേശസാൽക്കരണം നടന്നു. 69 വർഷത്തിനു ശേഷമാണ് കമ്പനി ടാറ്റയുടെ കൈവശം തിരിച്ചെത്തുന്നത്.

അന്തിമ കൈമാറ്റ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ചയോടെ എയർലൈൻ കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. "തീയതി സ്ഥിരീകരിക്കാൻ കഴിയില്ല. പക്ഷേ, അന്തിമ കൈമാറ്റം ഈ ആഴ്ച തന്നെ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്," എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Posts