ഇന്നും മഴ തന്നെ; സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. തമിഴ്നാട്ടിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശുന്നുണ്ട്. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലവിലുണ്ട്. ഇതുകാരണം അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ മലമ്പുഴ മേഖലയിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ജില്ലയിൽ പ്രത്യേകിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ എന്നിവിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.