ഇറ്റലി കോവിഷീൽഡിനെ അംഗീകരിച്ചു
കൊവിഡ് വൈറസിനെതിരെയുള്ള കോവിഷീൽഡിന് ഇറ്റാലിയൻ സർക്കാരിൻ്റെ അംഗീകാരം. ഇതോടെ വാക്സിൻ എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ്റെ ഗ്രീൻ പാസ്സ് ലഭിക്കും. ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെരാൻസയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഇറ്റാലിയൻ സർക്കാർ അംഗീകരിച്ച വാക്സിൻ പട്ടികയിൽ കോവിഷീൽഡ് ഇടം പിടിച്ചത്.
സെപ്റ്റംബർ ആദ്യം ജി 20 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിൽ എത്തിയപ്പോഴാണ് മാണ്ഡവ്യ ഇറ്റാലിയൻ ആരോഗ്യമന്ത്രിയുമായി വാക്സിൻ വിഷയം ചർച്ച ചെയ്യുന്നത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിരന്തരമായ ഇടപെടലുകളും അംഗീകാരത്തിന് കാരണമായി.
നിലവിൽ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ 16 രാജ്യങ്ങളാണ് കോവിഷീൽഡ് അംഗീകരിക്കുന്നത്. സ്വിറ്റ്സർലാൻഡ്, ഐസ് ലാൻഡ്, ഓസ്ട്രിയ, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹങ്കറി, ഐർലൻഡ്, ലാറ്റ്വിയ, നെതർലൻഡ്, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, എസ്റ്റോണിയ എന്നിവയാണ് മറ്റു രാജ്യങ്ങൾ.