ഇറ്റ്ഫോക് അരങ്ങുണർന്നു: കൊളോണിയലിസത്തിനും ഫാസിസത്തിനും എതിരെ ഉറച്ച ശബ്ദമായി ആദ്യ ദിനം

കൊളോണിയലിസത്തിനും ഫാസിസത്തിനും അടിയന്തിരാവസ്ഥയ്ക്കും എതിരെ രംഗശബ്ദമുയർത്തി ഇറ്റ്ഫോക്കിന് തുടക്കമായി. സാംസൺ കൊളോണിയലിസത്തിനെതിരെ ശബ്ദിക്കുമ്പോൾ , ടേക്കിങ് സൈഡ്സ് ഫാസിസത്തിനും, നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ അടിയന്തിരാവസ്ഥയ്ക്കും എതിരെയാണ് രംഗസമരമൊരുക്കുന്നത്. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ ഈ മൂന്ന് നാടകങ്ങളും അക്ഷരാർത്ഥത്തിൽ വരച്ചു കാണിക്കുന്നു. മനുഷ്യ ജീവിതത്തിൽ ഇന്ന് പ്രതിസന്ധികൾ സൃഷ്ടിച്ചു കൊണ്ടു പഴയ ഭീകര ആശയങ്ങൾ ഉയർന്നു വരുന്നത് എങ്ങനെ തടയണമെന്ന് കാണിക്കുകയാണ് ഇറ്റഫോക്കിലെ ആദ്യ ദിവസം. ഏതൊരു പ്രതിസന്ധിയെയും കലാവിഷ്ക്കാരങ്ങൾ കൊണ്ട് മറികടക്കാമെന്നു കാണിക്കുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഈ നാടകങ്ങൾ.
നാടകപ്രേമികളെ ആവേശം കൊള്ളിച്ച് സാംസൺ ആക്ടർ മുരളി തീയേറ്ററിൽ അരങ്ങേറി.ബൈബിളിലെ അതിശക്തനായ സാംസണെ പ്രലോഭിച്ച് മുടി മുറിച്ച ദലീലയെ പോലെ പ്രലോഭനത്തിൽ വീണുപോയ ഒരു രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക എന്ന് ശക്തമായി പറയുന്ന നാടകമായിരുന്നു സാംസൺ. വിശ്വപ്രസിദ്ധ സംവിധായകൻ ബ്രെറ്റ് ബെയ്ലിയുടെ സംവിധാന മികവിൽ ദക്ഷിണാഫ്രിക്കയിൽ നഷ്ടപ്പെട്ടു പോയ വംശീയ സ്വത്വങ്ങളെ തിരിച്ചെടുക്കുകയാണ് നാടകത്തിൽ. ജീവിതം, പ്രതിസന്ധികൾ, വംശീയ പ്രശ്നങ്ങൾ, കൊളോണിയലിസത്തിൻ്റെ ഭീകരതകൾ തുടങ്ങി സമകാലിക രാഷ്ട്രീയാവസ്ഥകൾ വരെ നാടകത്തിൻ്റെ ആഴങ്ങളിൽ പ്രതിഫലിക്കുന്നു.
താങ്കൾ എന്തായിരുന്നു? എങ്ങനെയായിരുന്നു? ഇപ്പോൾ എന്താണ്? ഇനി എങ്ങനെയായിരിക്കും? എന്ന ചോദ്യങ്ങളാണ് നാടകത്തിൻ്റെ അകത്തുനിന്നുണ്ടാകുന്നത്.
സാംസൺ ഒരു ബൈബിൾ കഥാപാത്രമായിരിക്കുമ്പോൾ ആ കഥാപാത്രത്തോടൊപ്പം സങ്കല്പിച്ചിരിക്കുന്ന നീതിബോധത്തെ അട്ടിമറിക്കുമ്പോൾ എന്താല്ലാം സംഭവിക്കാമോ അതെല്ലാം പുതിയ കാലത്തും സംഭവിക്കുന്നു. നീതിയെ അമിതമായ വികാരം കൈയടക്കുമ്പോൾ ജീവിതം ദുരന്തമായി മാറുമെന്ന യാഥാർത്ഥ്യം ഇവിടെ ബ്രെറ്റ് ബെയ്ലി അടിവരയിടുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രമുഖ സംഗീതജ്ഞരിൽ ഒരാളായ ഷെയ്ൻ കൂപ്പറാണ് നാടകത്തിന്റെ സംഗീതം ഒരുക്കിയത്.
കാലത്തിനനുസരിച്ച് ഇതിഹാസകഥാപാത്രങ്ങളെ എങ്ങനെ വിശകലനം ചെയ്യാമെന്നതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് സാംസൺ. കലാരൂപത്തിൻ്റെ ഉള്ളടക്കം പരിശോധിക്കേണ്ടത് സാമൂഹിക യാഥാർത്ഥ്യത്തിനകത്താണെന്ന് നമ്മെ ഓർമിപ്പിക്കുന്ന നാടകം ആഫ്രിക്കൻ കവിയായ മാഗോലെൻഗ് വാ സെലേപേ (Magoleng wa Selepe) യുടെ "എൻ്റെ പേര് " എന്ന കവിതയിൽ പറയും പോലെ നമുക്ക് നൽകുന്ന ഓരോ പേരും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു. കൊളോണിയലിസ്റ്റുകൾ ആ ജനതയെ വേട്ടയാടിയതിന് സാംസൺ പുതിയ കാലത്ത് മറ്റൊരു തെളിവായി മാറുന്നു. ഇറ്റ്ഫോക്കിൻ്റെ ആദ്യ ദിവസം തന്നെ ആവേശമാകാൻ സാംസൺ കാരണമായതിനു പിന്നിലെ യഥാർത്ഥ്യം ഓരോ ജനതയ്ക്കുള്ളിലുള്ള തനിമയാണ്. അത് അത്രയും ആഴത്തിൽ പറിച്ചുനടാൻ ബെയ്ലിക്ക് കഴിഞ്ഞിരിക്കുന്നുവെന്നതാണ് ആവേശത്തിന് മാറ്റുകൂട്ടുന്നത്.
ബ്രിട്ടീഷ് നാടകകൃത്ത് റൊണാൾഡ് ഹാർവുഡ് എഴുതി അതുൽ കുമാർ സംവിധാനം ചെയ്ത ഇന്ത്യൻ നാടകമാണ് 'ടേക്കിങ് സൈഡ്സ്'. സംഗീതവും കലയും രാഷ്ട്രീയവും സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, കലാനിർമിതികാർ എങ്ങനെ ധാർമിക പ്രശ്നങ്ങളെ നേരിടുന്നുവെന്നും സൂക്ഷ്മമായി പരിശോധിക്കുന്നു ഈ നാടകത്തിൽ. ഹിറ്റ്ലറിൻ്റെ തേഡ് റീഹ് കാലത്തു ജീവിച്ചിരുന്ന സംഗീതജ്ഞൻ വിൽഹെം ഫർട്ട്‌വാങ്‌ലരുടെ ജീവിതത്തെ അന്വേഷിക്കുന്നതാണ് അതുൽ കുമാറിന്റെ നാടകം. ഹിറ്റ്‌ലറുടെ സഹപ്രവർത്തകനായി വിൽഹെമിനെ ചിത്രീകരിക്കാൻ ശ്രമിക്കുന്ന കോടതിയുടെ ചോദ്യങ്ങളെ എങ്ങനെ നേരിടുന്നുവെന്നതാണ് നാടകത്തിന്റെ മുഖ്യപ്രമേയം. മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രത്തിനെതിരായ പ്രതിരോധമായി പ്രവർത്തിക്കാൻ സംഗീതത്തിന് കഴിയുമോ ഇല്ലയോ എന്ന ചോദ്യവും ഇവിടെ ഉയർത്തുന്നു. ഫാസിസവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ നാടകത്തിനു പ്രസക്തിയേറുന്നു.
നിറഞ്ഞ സദസ്സിൽ ശ്രദ്ധയാകർഷിച്ച മലയാള നാടകമാണ് കെ എസ് പ്രതാപൻ സംവിധാനം ചെയ്ത 'നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ'. മധ്യതിരുവിതാംകൂറിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലെ ആന്തരിക സംഘർഷങ്ങളുടെ കഥ പറയുന്നു. ഇന്ത്യൻ അടിയന്തിരാവസ്ഥ കാലഘട്ട പശ്ചാത്തലത്തിൽ അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നാടകം സഞ്ചരിക്കുന്നത്. സംഭാഷണ അതിപ്രസരം ഒഴിവാക്കി കൂടുതൽ ദൃശ്യ സന്നിവേശ പശ്ചാത്തലം ഒരുക്കി ആസ്വാദക മനസിൽ കൂടുതൽ ഇടം നേടാൻ നാടകത്തിനു കഴിഞ്ഞു. സുനിൽ സുഖദ, രാജേഷ് ശർമ്മ എന്നിവരുടെ മികച്ച പ്രകടനവും നാടകത്തിനു മാറ്റേകി.