യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം; ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരണമെന്ന് സെലൻസ്കി
ഫെബ്രുവരി 24-നാണ് ഉക്രയ്നിൽ റഷ്യൻ സേന ആക്രമണം തുടങ്ങിവെച്ചത്. ഇന്ന് മാർച്ച് 24-ന് അധിനിവേശം ഒരു മാസം പൂർത്തിയാവുമ്പോൾ ഭീകരമായ മാനുഷിക പ്രതിസന്ധിയാണ് ഈ കിഴക്കൻ യൂറോപ്യൻ രാജ്യം നേരിടുന്നത്.
ദശലക്ഷക്കണക്കിന് മനുഷ്യർ അഭയാർഥികളായി. നൂറു കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങൾ തകർന്നടിഞ്ഞു. ഭക്ഷണവും വെള്ളവും അടക്കമുള്ള അടിസ്ഥാന ജീവിതാവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ നരക യാതന അനുഭവിക്കുകയാണ് ജനങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി റഷ്യയുടെ ഉക്രയ്ൻ അധിനിവേശം മാറിക്കഴിഞ്ഞു.
യുദ്ധം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ ലോകജനതയുടെ പിന്തുണ ആവശ്യപ്പെട്ട് സെലൻസ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്കൂളുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും തെരുവിലേക്കിറങ്ങി ലോകമെമ്പാടുമുള്ള ജനത പ്രതിഷേധിക്കണമെന്ന് സെലൻസ്കി തൻ്റെ വീഡിയോ സന്ദേശത്തിൽ അഭ്യർഥിച്ചു.
സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ഉക്രേനിയൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മരിയുപോളിൽ ഒരു ലക്ഷത്തോളം വരുന്ന ജനങ്ങൾ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കടലിൽ നിന്നും ആകാശത്തുനിന്നും നിരന്തരമായി ബോംബാക്രമണം നടത്തി റഷ്യ അതിൻ്റെ ക്രൂരത തുടരുകയാണ്.