'ഇത് തമാശയല്ല സാർ'; തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനോട് ശബ്ദമുയർത്തി വിദ്യാർഥി

ബെംഗളൂരു: ഒരു മുസ്ലീം വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് തീവ്രവാദിയെന്നു വിളിച്ച് അധ്യാപകൻ. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു അധ്യാപകനാണ് വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. ഉടൻ തന്നെ വിദ്യാർത്ഥി പ്രതികരിച്ചു. മറ്റൊരു വിദ്യാർത്ഥി ഇത് ഫോണിൽ പകർത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ക്ലാസ് മുറിയിൽ വെള്ളിയാഴ്ചയാണ് സംഭവം. വിദ്യാർത്ഥിയുടെ പേരെന്താണെന്ന് പ്രൊഫസർ ചോദിച്ചു. മുസ്ലിം പേര് കേട്ടപ്പോൾ "ഓ, നിങ്ങൾ കസബിനെപ്പോലെയാണ്, അല്ലേ?" എന്നാണ് അധ്യാപകൻ ചോദിച്ചത്. ഇതിന് പിന്നാലെയാണ് മതത്തിന്‍റെ പേരിൽ തന്നെ തീവ്രവാദിയെന്ന് മുദ്രകുത്തിയ അധ്യാപകനെതിരെ വിദ്യാർത്ഥി ശബ്ദമുയർത്തുന്ന വീഡിയോ വൈറലായത്. "26/11 ഒരു തമാശയല്ല. ഈ രാജ്യത്ത് ഒരു മുസ്ലിമായതിനാൽ, എല്ലാ ദിവസവും ഇതെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്നത് തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്‍റെ മതത്തെ പരിഹസിക്കാൻ കഴിയില്ല, അതും വളരെ മോശമായ രീതിയിൽ. ഇത് അത്ര രസകരമല്ല, സർ", എന്നാണ് വിദ്യാർത്ഥി നൽകിയ മറുപടി.

Related Posts