ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ ഇന്ന് ചുമതലയേല്‍ക്കും
ന്യൂ ഡൽഹി : ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30ന് പ്രസിഡണ്ട് ദ്രൗപദി മുർമു ധൻഖറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ വൻ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ധൻഖർ വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ധൻകർ 528 വോട്ടുകൾ നേടിയപ്പോൾ എതിരാളിയായ മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 780 എംപിമാരിൽ 725 പേർ വോട്ട് രേഖപ്പെടുത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം നായിഡുവിനെയും അദ്ദേഹത്തിന്‍റെ പിൻഗാമിയായ ധൻഖറിനെയും അദ്ദേഹത്തിന്‍റെ വസതിയിൽ സ്വീകരിച്ചിരുന്നു. നായിഡുവും ബിർളയും ദേശീയ താൽപ്പര്യത്തെയും പാർലമെന്‍ററി കാര്യങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകളും അനുഭവങ്ങളും നിയുക്ത ഉപരാഷ്ട്രപതിയായ ധൻഖറുമായി പങ്കിട്ടതായി ലോക്സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ വിടവാങ്ങൽ ചടങ്ങിൽ രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു. രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്ക് സഭ വികാര നിർഭരമായ യാത്രയയപ്പാണ് നൽകിയത്.