കൊലപാതകിയുമായി പ്രണയം; ബന്ധം തുടരാൻ ജോലി രാജിവെച്ച് ജയിൽ വാർഡൻ

അർജൻ്റീന: കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിനായി ജോലി രാജിവെച്ചു. കൊലപാതകക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന ജാവിയർ ഡ്വാർട്ടെ എന്നയാളുമായി ആൻഡ്രിയ ഫെരേര എന്ന യുവതിയാണ് പ്രണയത്തിലായത്. ഇയാളെ 15 വർഷം തടവിനാണ് ശിക്ഷിച്ചത്. അർജന്‍റീന പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറസ് ജയിലിലായിരുന്നു ആൻഡ്രിയ ജോലി ചെയ്തിരുന്നത്.  എന്നിരുന്നാലും, ഇരുവരും ഒരിക്കലും ജയിലിൽ കണ്ടുമുട്ടിയിട്ടില്ല. പകരം ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്ക്ക് ഒരു സന്ദേശം അയച്ചു. ഡ്വാർട്ടെ ജയിലിൽ കഴിയവെ തന്നെ ബിരുദം ചെയ്യുന്നുണ്ടായിരുന്നു. ഇതിനായി ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അനുവദിച്ചു. അങ്ങനെയാണ് സന്ദേശം അയയ്ക്കുന്നത്.  തുടർന്ന് ഇരുവരും വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ഡ്വാർട്ട് ജയിലിലെ മുൻ വാർഡൻ ആയിരുന്ന ആൻഡ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 35 കാരിയായ ആൻഡ്രിയയ്ക്ക് ഒരു കുഞ്ഞുണ്ട്. "ഞാൻ നിന്നെ സ്നേഹിക്കുന്നു ആൻഡ്രിയ, നിന്നെപ്പോലെ നല്ലവളും സുന്ദരിയുമായ മറ്റൊരു പെൺകുട്ടിയില്ല," ഡ്വാർട്ടെ ചിത്രത്തിനൊപ്പം എഴുതി. 'ഞാൻ നിന്നെ എന്‍റെ ഭാര്യയായും പങ്കാളിയായും മക്കളുടെ അമ്മയായും തെരഞ്ഞെടുത്തിരിക്കുന്നു. ഞാൻ മരിക്കുവോളം ഒപ്പമുണ്ടാകും," ഡ്വാർട്ടെ എഴുതി.   2022 നവംബറിൽ തങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടിയതായും പ്രണയത്തിലായതായും ആൻഡ്രിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഒരു കൊലപാതകിയുമായി പ്രണയത്തിലായതിന് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ കുത്തുവാക്കുകൾ പറഞ്ഞപ്പോൾ തനിക്ക് ജോലി രാജിവയ്ക്കേണ്ടി വന്നുവെന്ന് ആൻഡ്രിയ പറഞ്ഞു. സഹപ്രവർത്തകരിൽ നിന്ന് ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നതായി ആൻഡ്രിയ മാധ്യമങ്ങളോട് പറഞ്ഞു. 

Related Posts