ഭാര്യയെ കാണാൻ ജയിൽ ചാടി; ഭാര്യയ്ക്കും മകനുമൊപ്പം തിരികെ എത്തി കീഴടങ്ങി.

തിരുവനന്തപുരം: ജയിൽ ചാടിയത് ഭാര്യയെ കാണാനാണെന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഈ മാസം ഏഴാം തീയതിയാണ് കൊലക്കേസ് പ്രതി ജയിൽ ചാടിയത്. ഭാര്യയെ കണ്ടതിനു ശേഷം ഭാര്യയ്ക്കും മകനും ഒപ്പം തിരികെ എത്തി കോടതിയിൽ കീഴടങ്ങി.

തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈനാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി പൊലീസ് വിവിധ ഇടങ്ങളിൽ അന്വേഷിച്ചു വരികയായിരുന്നു. കീഴടങ്ങാൻ ഭാര്യയേയും മകനെയും കൂട്ടി എത്തിയ ജാഹിർ ഭാര്യയെ കാണുന്നതിനായിട്ടാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടതെന്ന് മൊഴി നൽകിയിട്ടുണ്ട്.

പൂജപ്പുര സെൻട്രൽ ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലിചെയ്യവേ, അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജീവപര്യന്തം തടവുകാരനായ ജാഹിർ ഹുെൈസൻ രക്ഷപ്പെട്ടത്. അലക്കാൻ കൊടുത്ത ഷർട്ടുമിട്ടാണ് ഇയാൾ കടന്നത്. ഇതിന് മുൻപും ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും ജാഹിറിനെ പുറംജോലികൾക്ക് നിയോഗിച്ചത് ജയിലധികാരികളുടെ വീഴ്ചയായി കണ്ടെത്തിയിരുന്നു. തടവുകാരൻ രക്ഷപ്പെട്ടതിന് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളിൽ ഇയാൾക്ക് നഗരത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.

Related Posts