ജയിലുകളില്‍ വിചാരണത്തടവുകാര്‍ ഏറുന്നു; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ജയിലുകളിൽ വിചാരണത്തടവുകാരുടെ എണ്ണം വർദ്ധിക്കുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2020ൽ കേരളത്തിലെ ജയിലുകളിൽ കഴിയുന്നവരിൽ 59 ശതമാനവും വിചാരണത്തടവുകാരാണ് എന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിലെടുത്ത സമയം കണക്കിലെടുത്ത് വിചാരണ ആരംഭിക്കാൻ ഹൈക്കോടതി വിചാരണക്കോടതികൾക്ക് നിർദ്ദേശം നൽകണം. പ്രതികളുടെ വിചാരണ കാരണമില്ലാതെ വൈകിയാൽ ജാമ്യം അനുവദിക്കുന്നതും കണക്കിലെടുക്കണം. ഇതിനായി ഉത്തരവിന്‍റെ പകർപ്പ് ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് അയയ്ക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലക്കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി എട്ടുവർഷം കഴിഞ്ഞ തമിഴ്നാട് സ്വദേശി ജാഹിർ ഹുസൈന്‍റെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. ഹുസൈനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.