കേരളത്തിലെയും ഉത്തരാഖണ്ഡിലെയും പ്രകൃതി ദുരന്തങ്ങൾ മനുഷ്യനിർമിതമെന്ന് ജയ്റാം രമേഷ്
പരിസ്ഥിതിയെ തകർക്കുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിലെയും ഉത്തരാഖണ്ഡിലെയും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ജയ്റാം രമേഷ്. യു പി എ സർക്കാരിൽ 2009 മെയ് മുതൽ 2011 ജൂലായ് വരെ വനം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം.
പശ്ചിമ ഘട്ടത്തെപ്പോലെ പാരിസ്ഥിതികമായി ദുർബലമായ മേഖലയാണ് ഉത്തരാഖണ്ഡ്. മനുഷ്യ പ്രവർത്തനങ്ങളാണ് കേരളത്തിലേതു പോലെ ഉത്തരാഖണ്ഡിലും ദുരന്തങ്ങൾക്ക് ഇടയാക്കിയത്. വാസ്തവത്തിൽ പരിസ്ഥിതിയെ തകർക്കുന്ന 'വികസന' പ്രവർത്തനങ്ങൾക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തമെന്ന് ജയ്റാം രമേഷ് പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജീവനും ജീവനോപാധികൾക്കും നാശം സംഭവിച്ചു.
ജയ്റാം രമേഷ് വനം പരിസ്ഥിതി മന്ത്രിയായിരുന്നപ്പോഴാണ് പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കാൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2011 ആഗസ്റ്റ് 31-ന് സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് അദ്ദേഹത്തെ ഗ്രാമ വികസന മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു.