പുതിയ ലോഗോ അവതരിപ്പിച്ച് ജെയ്ക്സ് ബിജോയ് മ്യൂസിക് കമ്പനി
പുതുതലമുറയിൽ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ജെയ്ക്സ് ബിജോയ്. ധ്രുവങ്ങൾ പതിനാറ്, രണം, ക്വീൻ, സ്വാതന്ത്ര്യം അർധരാത്രിയിൽ, മൺസൂൺ മാംഗോസ്, കവി ഉദ്ദേശിച്ചത്, ഇഷ്ക്, കക്ഷി അമ്മിണിപ്പിള്ള, പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, ഫോറൻസിക്, ജാക്ക് ആൻ്റ് ജിൽ, ഓപ്പറേഷൻ ജാവ, കുരുതി, ഭ്രമം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ജെയ്ക്സ് ശ്രദ്ധേയമായ സംഗീതം നൽകിയിട്ടുണ്ട്.
പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ സൽമാൻ്റെ സല്യൂട്ട്, മമ്മൂട്ടിയുടെ പുഴു, സി ബി ഐ അഞ്ച്, മോഹൻലാലിൻ്റെ എലോൺ, പൃഥ്വിരാജിൻ്റെ കടുവ, സുരേഷ് ഗോപിയുടെ പാപ്പൻ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളാണ് ജെയ്ക്സിൻ്റെ ക്രെഡിറ്റിൽ ഉള്ളത്. ഇതിൽ സി ബി ഐ ഡയറിക്കുറിപ്പിൻ്റെ അഞ്ചാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശ്യാമിൻ്റെ സംഗീതത്തിലൂടെ തിയേറ്ററുകളെ ഇളക്കിമറിച്ച സേതുരാമയ്യരുടെ മാസ് എൻട്രി ഉൾപ്പെടെ ജെയ്ക്സ് ഏതുവിധത്തിലാവും പുനരാവിഷ്കരിക്കുക എന്നറിയാൻ ആരാധകർക്ക് ഏറെ കൗതുകമുണ്ട്.
അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് മ്യൂസിക് സയൻസിലും ടെക്നോളജിയിലും ബിരുദം നേടിയ ജെയ്ക്സ് സിനിമയിൽ എത്തുന്നതിന് മുമ്പ് വാൾട് ഡിസ്നി ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. ജെയ്ക്സിൻ്റെ നേതൃത്വത്തിൽ ഉള്ളതാണ് ജെയ്ക്സ് ബിജോയ് മ്യൂസിക് കമ്പനി. ജെ എക്സ് ബി റെക്കോഡ്സ് എന്ന പേരിൽ കമ്പനി പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുകയാണ്. അഞ്ജലി മേനോൻ്റെ ബാംഗ്ലൂർ ഡേയ്‌സിലൂടെ മലയാള സിനിമാ ഡിസൈൻ മേഖലയിൽ നൂതനമായ പ്രവണതകൾക്ക് തുടക്കമിട്ട പാലായ് ഡിസൈൻസ് ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ ജെയ്ക്സ് തന്നെ പുതിയ ലോഗോ പുറത്തുവിട്ടു. പുതിയ ലേബലിലുള്ള പ്രോജക്റ്റിൻ്റെ വിശേഷങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു.