ജല ജീവന്‍ മിഷന്‍; ജില്ലയിൽ 16 പഞ്ചായത്തുകളിൽ പുതിയ കുടിവെള്ള കണക്ഷനുകൾ.

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വീടുകളിലേക്ക്‌ കുടിവെള്ളമെത്തിക്കുന്നതിനായി 275.13 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.

തൃശൂർ:

ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല ജല ശുചിത്വമിഷന്റെ യോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ ശുദ്ധജലം പൈപ്പുകള്‍ വഴി എത്തിക്കുന്ന കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. പുതുതായി 28,339 കുടിവെള്ള കണക്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് നൽകുന്നതിനാണ് ഇന്ന് ചേർന്ന യോഗത്തിൽ ഭരണാനുമതി നൽകിയത്.

അന്തിക്കാട്, താന്ന്യം, ചാഴൂര്‍, എടത്തിരുത്തി, ഏങ്ങണ്ടിയൂര്‍, കൈപ്പമംഗലം, മതിലകം, നാട്ടിക, പെരിഞ്ഞനം, ശ്രീനാരായണപുരം, തളിക്കുളം, വാടാനപ്പിള്ളി, വലപ്പാട്, കോടശ്ശേരി, മുരിയാട്, വേളൂക്കര എന്നീ 16 പഞ്ചായത്തുകളിലാണ് പുതിയ കണക്ഷനുകള്‍ നല്‍കുന്നത്. പഞ്ചായത്തുകളെ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സഹായിക്കുന്നതിനും നിര്‍വ്വഹണ ഘട്ടങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജില്ലയില്‍ 10 നിര്‍വ്വഹണ സഹായ ഏജന്‍സികളെ നിയമിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 12 പഞ്ചായത്തുകള്‍ക്കായി അനുവദിച്ച 26,029 കണക്ഷനുകളുടെ പൂര്‍ത്തീകരണത്തിനായി 903.3 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പദ്ധതിയിലൂടെ 4,28,722 ഗുണഭോക്താക്കള്‍ക്കാണ് ശുദ്ധജലം വീടുകളില്‍ എത്തുക.

ഡെപ്യൂട്ടി കലക്ടര്‍ പ്രദീപ് പി എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍, ജല അതോറിറ്റി, ഭൂ ജലവകുപ്പ്, ജലസേചനം, ജലനിധി, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Posts