ജലീൽ ആദൂർ ജില്ലാ ലൈബ്രറി കൗൺസിലിൽ അംഗം
തൃശൂർ: തൃശൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽനിന്നും ജില്ലാ ലൈബ്രറി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷൻ അംഗം ജലീൽ ആദൂർ തിരഞ്ഞെടുക്കപ്പെട്ടു. മാള ഡിവിഷൻ അംഗം ശോഭന ഗോകുൽദാദിനെയാണ് പരാജയപ്പെടുത്തിയത്. 1995 ൽ 21ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർമാരിലൊരാളായി കടങ്ങോട് ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജലീൽ ആദൂർ 2015 ൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് യു എ ഇ സന്ദർശന വേളയിൽ തന്റെ വാർഡിലെ 100 ഓളം പ്രവാസികളെ സംഘടിപ്പിച്ച് പ്രവാസി ഗ്രാമസഭ നടത്തി ശ്രദ്ധ നേടിയിരുന്നു. കൈകുളങ്ങര രാമവാര്യർ സ്മാരക ഗ്രന്ഥശാലക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ചിത്രകാരൻ കൂടിയായ ജലീൽ ആദൂർ നാടകങ്ങൾക്കും ടെലി ഫിലിമുകൾക്കും കലാസംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ തിരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നു.