ജമ്മു കശ്മീരും അരുണാചലും പാകിസ്താൻ്റെയും ചൈനയുടെയും ഭാഗങ്ങൾ; വിവാദമായി ഡബ്ല്യുഎച്ച്ഒ ഡാഷ്ബോർഡ്
ലോകാരോഗ്യ സംഘടനയുടെ കൊവിഡ്- 19 ഡാഷ്ബോർഡിൽ ജമ്മു കശ്മീർ പാകിസ്താൻ്റെയും അരുണാചൽ പ്രദേശ് ചൈനയുടെയും ഭാഗങ്ങളായി ചിത്രീകരിച്ചത് വിവാദമായി. തൃണമൂൽ കോൺഗ്രസ് എം പി ശന്തനു സെൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതു സംബന്ധിച്ച് കത്തെഴുതി.
ഗുരുതരമായ പിഴവാണ് ഡബ്ല്യുഎച്ച്ഒ വരുത്തിയതെന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയതെന്നും വിഷയത്തിൽ പ്രധാനമന്ത്രി ഉടനടി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ അടിയന്തരമായി ഇടപെട്ട് തിരുത്തേണ്ട "ഗുരുതരമായ അന്താരാഷ്ട്ര പ്രശ്നം" എന്നാണ് ശന്തനു സെൻ ഇതിനെ വിശേഷിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾക്കും സെൻ തന്റെ കത്തിന്റെ പകർപ്പ് അയച്ചു.