37.3 ഡിഗ്രി ചൂടിൽ വെന്തുരുകി ജമ്മു; തിരുത്തിയത് 76 വർഷത്തെ റെക്കോഡ്
അന്തരീക്ഷ ഊഷ്മാവിൽ ഏഴ് പതിറ്റാണ്ട് മുമ്പത്തെ റെക്കോഡ് തിരുത്തി ജമ്മു. മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഊഷ്മാവ് 37.3 ഡിഗ്രിയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 76 വർഷം മുമ്പ് 37.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. 1945 മാർച്ച് 31-നാണ് അത് രേഖപ്പെടുത്തിയത്.
വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിലും പതിവിലും ചൂടുള്ള ദിവസങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശ്രീനഗറിൽ പകൽ താപനില ശരാശരി 25 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ രാത്രി താപനില 7.2 ഡിഗ്രി സെൽഷ്യസാണെന്നും ഇത് സാധാരണയേക്കാൾ 1.1 ഡിഗ്രി കൂടുതലാണെന്നും അധികൃതർ പറഞ്ഞു.