ജനചിത്രയുടെ കിഷോർ കുമാർ പുരസ്കാരം 'ആർക്കറിയാം' സംവിധായകൻ സാനു ജോൺ വർഗീസിന്
മികച്ച നവാഗത സംവിധായകനുള്ള പ്രഥമ കിഷോർ കുമാർ പുരസ്കാരം 'ആർക്കറിയാം' സംവിധാനം ചെയ്ത സാനു ജോൺ വർഗീസിന്. കമൽഹാസൻ്റെ വിശ്വരൂപം ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ക്യാമറാമാനാണ് സാനു ജോൺ വർഗീസ്.
മഹേഷ് നാരായണൻ്റെ ടേക്ക് ഓഫ്, മാലിക്; ശ്യാമപ്രസാദിൻ്റെ ഇലക്ട്ര; തെലുഗ് ചിത്രം ശ്യാം സിങ്ക റോയ്; ബോളിവുഡ് സിനിമകളായ കാർത്തിക് കോളിങ്ങ് കാർത്തിക്, ലൂട്ട് കേസ്, ബദായ് ഹോ; തമിഴ് ചിത്രം തൂങ്കാ വാനം തുടങ്ങി നിരവധി ചിത്രങ്ങളിൽ ക്യാമറ ചെയ്ത സാനു ജോൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആർക്കറിയാം. കൊവിഡ് പശ്ചാത്തലമായി മലയാളത്തിൽ ഇറങ്ങിയ ആദ്യ ചിത്രം കൂടിയാണ് ആർക്കറിയാം.
ഫിലിം സൊസൈറ്റി സംഘാടകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കിഷോർ കുമാറിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
25000 രൂപയും പ്രശസ്ത ശിൽപി ടി പി പ്രേംജി രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2022 ഏപ്രിൽ 3 ന് തൃപ്രയാർ ശ്രീരാമ തിയേറ്ററിൽ നടന്നുവരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെച്ച് 'പട' സിനിമയുടെ സംവിധായകൻ കെ എം കമൽ സമ്മാനിക്കും.
സംവിധായകൻ സജിൻബാബുവും കവിയും തിരക്കഥാകൃത്തുമായ പി എൻ ഗോപീകൃഷ്ണനും കഥാകാരനും തിരക്കഥാകൃത്തുമായ പി എസ് റഫീക്കും അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.