ജനമൈത്രി പൊലീസ് ഇടപെട്ടു; എസ്.പി.സി വിദ്യാർത്ഥിക്ക് പുതിയ വീടൊരുങ്ങി

മലപ്പുറം : പ്ലാസ്റ്റിക് ഷീറ്റ് കൂരയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വീടൊരുക്കി ജനമൈത്രി പൊലീസ്. അരീക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിക്കാണ് പുതിയ വീട് ലഭിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഐ.പി. എസ് സുജിത് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും, സ്കൂൾ എസ്.പി.സിയും ചേർന്നാണ് വീട് നിർമിച്ചത്. നാട് വികസിക്കുമ്പോൾ സഹജീവികളെ സഹായിക്കാനുള്ള മനസ്സുള്ളവർ ഇപ്പോഴും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കൂട്ടായ്മ എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ എസ്.പി. സി അംഗമായിരുന്ന വിദ്യാർത്ഥിയുടെ അവസ്ഥ അധ്യാപകർ ചേർന്ന് മുൻ എസ്.എച്ച്.ഒ സി.വി ലൈജുമോന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും, പി.ടി.എ, വിദ്യാർത്ഥികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വീട് നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. ഇടക്ക് എസ്.എച്ച്.ഒ അതിരപ്പിള്ളിയിലേക്ക് സ്ഥലംമാറി പോയെങ്കിലും, നിലവിലെ എസ്.എച്ച്.ഒ അബ്ബാസ് അലി നിർമാണ പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്നു. 12 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചതും അദ്ദേഹമായിരുന്നു. സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു.

Related Posts