യുവാക്കളെ കൂടുതൽ മദ്യപിക്കാൻ പ്രോത്സാഹിപ്പിച്ച് ജപ്പാൻ
ജപ്പാൻ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജാപ്പനീസ് സർക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് രാജ്യത്തെ യുവാക്കൾക്ക് മദ്യത്തോട് വലിയ താൽപ്പര്യമില്ല എന്നതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യം ശ്രമിക്കുമ്പോൾ മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തിലെ ഇടിവ് കാരണം സർക്കാർ പ്രതിസന്ധി നേരിടുകയാണ്. ഏതായാലും യുവാക്കളെ മദ്യത്തിന്‍റെ പാതയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ അത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ സർക്കാർ ഒരു പരിഹാരം കണ്ടെത്തി. ഒരു മത്സരം നടത്തുക. നാഷണൽ ടാക്സ് ഏജൻസിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള ആശയങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. മദ്യത്തിന്‍റെ രൂപവും ഭാവവും ആകർഷകമാക്കുക, പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തുക, കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്യുക എന്നിവയുൾപ്പെടെയുള്ള ആശയങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. മികച്ച ആശയങ്ങൾക്ക് ആകർഷകമായ സമ്മാനവും ഉണ്ടായിരിക്കും. ജപ്പാനിലെ യുവാക്കളുടെ ശരാശരി വാർഷിക ഉപഭോഗം 75 ലിറ്ററായി കുറഞ്ഞു. ഒരാള്‍ 100 ലിറ്റര്‍ മദ്യപിച്ചിരുന്നിടത്താണ് കൊവിഡാനന്തരം ഈ കുറവുണ്ടായത്. മദ്യ ഉപഭോഗത്തിലെ ഈ ഇടിവ് ജാപ്പനീസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതല്ല. ജപ്പാന്‍റെ മൊത്തം നഷ്ടം 48 ട്രില്യൺ യെൻ ആണ്. ജപ്പാന്‍റെ മൊത്തം നികുതി വരുമാനത്തിന്‍റെ 5 ശതമാനത്തിൽ നിന്ന് മദ്യനികുതി വെറും ഒരു ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊള്ളാൻ തീരുമാനിച്ചത്. എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.