ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്ന് പേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് വിവരം. പഹർഗഞ്ച് സ്വദേശികളാണ് മൂവരും. അപമാനിതയായ ജാപ്പനീസ് യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. യുവതി ഇന്ത്യ വിട്ട് ബംഗ്ലാദേശിലാണെന്നും പോലീസ് പറഞ്ഞു. ഒരു കൂട്ടം പുരുഷൻമാർ സ്ത്രീയെ ബലമായി പിടിച്ചു വച്ച് ഹോളിയുടെ മറവിൽ കടന്നുപിടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വീഡിയോയിൽ, ഒരു ആൺകുട്ടി സ്ത്രീയുടെ തലയിലേക്ക് മുട്ട എറിയുന്നതും കാണാം. ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീയെയും വീഡിയോയിൽ കാണാം. ജനക്കൂട്ടത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ഒരാളെ അടിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിവാദമായതോടെ യുവതിയെ കണ്ടെത്താൻ സഹായം തേടി ഡൽഹി പൊലീസ് ജാപ്പനീസ് എംബസിയുമായി ബന്ധപ്പെട്ടിരുന്നു.