പുത്തൻ അപ്ഡേറ്റുമായി 'ജവാൻ'; ചിത്രത്തിന്റെ ഭാഗമാകാൻ സഞ്ജയ് ദത്തും
പത്താന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് 'ജവാൻ '. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താരയാണ് നായിക. ജവാന്‍റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. സഞ്ജയ് ദത്ത് ജവാന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ആക്ഷൻ സീക്വൻസിലാണ് പ്രത്യക്ഷപ്പെടുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് സിനിമയുടെ ഒരു പ്രധാന ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. ലോകേഷ് കനകരാജ്-വിജയ് ചിത്രം 'ലിയോ'യുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് സഞ്ജയ് ദത്ത് ജവാനോടൊപ്പം ചേർന്നത്. അതേസമയം ദീപിക പദുക്കോണും ചിത്രത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ജവാൻ റിലീസ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥയായി നയൻ താരയും ഇരട്ട വേഷത്തിൽ ഷാരൂഖ് ഖാനും എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 120 കോടി രൂപയ്ക്കാണ് 'ജവാന്‍റെ' ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ അഖിലേന്ത്യാ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കി.