'ജയ ജയ ജയ ജയ ഹേ' ബോളിവുഡിലേക്ക്; റീമേക്കിനൊരുങ്ങി ആമിര്‍ ഖാൻ
വിപിൻ ദാസിൻ്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജയ ജയ ജയ ജയ ഹേ' കഴിഞ്ഞ വർഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ട ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിൻ്റെ ബോളിവുഡ് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ വിപിൻ ദാസിനെ ആമിർ ഖാൻ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെത്തിയ വിപിൻ ദാസിനെ ആമിർ ഖാൻ പ്രശംസിച്ചതായാണ് വിവരം. ബോളിവുഡിൽ മറ്റ് ചില കഥകൾ സിനിമയാക്കാനുള്ള സാധ്യത ആമിർ ഖാൻ വിപിൻ ദാസിനോട് ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. അമൽ പോൾസണാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്.