ജയലളിതയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരൻ ജയകുമാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പുതിയ ആരോപണം. ജയകുമാറിന്‍റെ മകൾ ദീപ ആണ് ആരോപണം ഉന്നയിച്ചത്. 1995ൽ ജയകുമാറിനെ വീട്ടിലെ കസേരയിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ചില ഉന്നതതല ഇടപെടലിനെ തുടർന്ന് പോസ്റ്റ്മോർട്ടം റദ്ദാക്കിയെന്ന് ദീപ ആരോപിച്ചു. ജയലളിതയുടെ ഏക സഹോദരനായിരുന്നു ജയകുമാർ. ശശികലയുടെ സഹോദരിയുടെ മകൻ സുധാകരനെ ജയലളിത ദത്തുപുത്രനായി സ്വീകരിക്കുന്നതിനെ ജയകുമാർ എതിർത്തിരുന്നു. സുധാകരന്‍റെ വിവാഹം ജയലളിതയുടെ നേതൃത്വത്തിൽ നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു ജയകുമാറിന്‍റെ മരണം. തടിച്ച ശരീരപ്രകൃതിയുണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ജയകുമാറിന് ഉണ്ടായിരുന്നില്ല. പെട്ടെന്നുള്ള മരണമായതിനാൽ തനിക്ക് അന്നേ സംശയമുണ്ടായിരുന്നുവെന്നും ദീപ പറഞ്ഞു.