ജെ സി ഡാനിയേല്‍ പുരസ്കാര സമര്‍പണം ഇന്ന്; ജയചന്ദ്രന്റെ ഗാനങ്ങളുമായി ഭാവഗാനസാഗരം
2020-ലെ ജെ സി ഡാനിയേല്‍ പുരസ്കാര സമര്‍പണം ഇന്ന്. വൈകീട്ട് ആറു മണിക്ക് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരദാനം നിര്‍വഹിക്കുന്നത്. പ്രമുഖ പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 26-ാമത് ഐ എഫ് എഫ് കെ യുടെ ഫെസ്റ്റിവൽ ഡിസൈൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശനം ചെയ്യും.
പുരസ്കാര സമര്‍പണത്തെ തുടര്‍ന്ന് ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള 'ഭാവഗാന സാഗരം' എന്ന സംഗീതപരിപാടി അരങ്ങേറും. വിധു പ്രതാപ്, കല്ലറ ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിനു മുന്നോടിയായി പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ ഡോ.ജോബി മാത്യു വെമ്പാല വയലിനില്‍ വായിക്കും. മന്ത്രിമാരായ ആൻ്റണി രാജു, അഡ്വ. ജി ആർ അനിൽ, ജെ സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുക്കും.