അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് പാകിസ്താനിൽ വിലക്ക്

പാകിസ്താനിലെ ഫെഡറൽ ഡയറക്റ്ററേറ്റ് ഓഫ് എഡ്യുക്കേഷൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ബാധകമായ കർശനമായ വസ്ത്രധാരണ നിയമം പുറത്തിറക്കി. ഇതു സംബന്ധിച്ച നിർദേശം സ്കൂൾ, കോളെജ് മേധാവികൾക്ക് നൽകിയതായി ഡോൺ റിപ്പോർട്ടു ചെയ്തു.

ജീൻസും ടൈറ്റ്സും ധരിക്കരുതെന്ന് വനിതാ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുരുഷ അധ്യാപകർ സൽവാർ കമ്മീസ് അല്ലെങ്കിൽ പാൻ്റ്സും ഷർട്ടും ധരിക്കേണ്ടത് നിർബന്ധമാണ്. ഓരോ സ്റ്റാഫും അവരുടെ ശാരീരികമായ രൂപത്തിനും വ്യക്തിപരമായ ശുചിത്വത്തിനും പ്രാധാന്യം നൽകുന്നു എന്ന കാര്യം സ്കൂൾ, കോളെജ് പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം.

പതിവായി മുടി വെട്ടിയും താടി ട്രിം ചെയ്തും നഖം മുറിച്ചും ഡിയോഡറൻ്റുകൾ ഉപയോഗിച്ചും പുരുഷ അധ്യാപകർ വ്യക്തി ശുചിത്വം പാലിക്കണം. ഔദ്യോഗികമായ ഒത്തുചേരൽ വേളകളിൽ വനിതാ അധ്യാപകർ ഫാൻസി, പാർട്ടി വെയറുകൾ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് കോട്ട്, ബ്ലെയ്സർ, സ്വെറ്റർ, കാർഡിഗൻ, ഷാൾ എന്നിവ ഉപയോഗിക്കാം. ഫോർമൽ ഷൂസ്, സാൻഡൽസ് എന്നിവ ഉപയോഗിക്കാമെങ്കിലും സ്ലിപ്പറുകൾ അനുവദനീയമല്ല.

അധ്യാപകർക്കു പുറമേ ഗേറ്റ് കീപ്പർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും ചട്ടങ്ങൾ ബാധകമാണ്.

Related Posts