ആക്രി വസ്തുക്കളിൽ നിന്ന് ജീപ്പും, ബൈക്കും; പ്രതിഭയാണ് സൗരവ്

എറണാകുളം : ഉപയോഗ ശൂന്യമായ ആക്രി വസ്തുക്കൾ ഉപയോഗിച്ച് ബൈക്ക്, ജീപ്പ് എന്നിവ നിർമ്മിച്ച് അത്ഭുതപ്പെടുത്തി പത്താം ക്ലാസ് വിദ്യാർത്ഥി. പെരുമ്പടന്ന കണ്ണാത്തുശ്ശേരിൽ സുനിൽ കുമാറിന്റെയും, ആശയുടെയും മകനാണ് ഈ മിടുക്കൻ. നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ സൗരവ്‌ 14 ദിവസം കൊണ്ട് 6000 രൂപ ചിലവഴിച്ചാണ് ബൈക്ക് നിർമ്മിച്ചത്. ഹോണ്ട ആക്ടിവ സ്കൂട്ടറിന്റെ എഞ്ചിൻ ഘടിപ്പിച്ച ബൈക്കിൽ, 4 ലിറ്റർ പെട്രോൾ ഉൾക്കൊള്ളുന്ന ടാങ്കും ഉണ്ട്. ബജാജ് ഓട്ടോയുടെ എഞ്ചിൻ, മാരുതി 800 ന്റെ സ്റ്റിയറിംഗ്, ഗിയർ എന്നിവ ഉപയോഗിച്ച് ജീപ്പും നിർമ്മിച്ചു. 35,000 രൂപയായിരുന്നു ചിലവ്. സൗരവിന്റെ പിതാവ് വാഹനങ്ങളുടെ വാട്ടർ സർവീസ് സ്റ്റേഷൻ നടത്തുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പക്കൽ നിന്ന് മുസിരിസ് ബിനാലെയുടെ വേദിയിൽ ആദരം നേടാനും സൗരവിനായി.

Related Posts