ആക്രി സാധനങ്ങൾ കൊണ്ട് ജീപ്പ്, അത്ഭുതം കാണിച്ച ആൾക്ക് ബൊലേറോ കാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര
സ്ക്രാപ്പ് അഥവാ ആക്രി ഉപയോഗിച്ച് തനിക്കും കുടുംബത്തിനും സഞ്ചരിക്കാനുള്ള ജീപ്പ് പോലുള്ള വാഹനം നിർമിച്ച വ്യക്തിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. യൂ ട്യൂബിലാണ് ഗ്രാമീണൻ്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം പ്രകടമാക്കുന്ന വീഡിയോ ആനന്ദ് ആദ്യം പങ്കുവെച്ചത്. പിന്നീട് അദ്ദേഹം ട്വിറ്ററിലൂടെയും അത് ഷെയർ ചെയ്തു. ലക്ഷക്കണക്കിന് ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഗ്രാമീണനാണ് ആനന്ദ് മഹീന്ദ്രയെ ഞെട്ടിച്ച വാഹനം സ്വന്തമായി ഉണ്ടാക്കിയത്. ആക്രിക്കടകളിൽ നിന്നാണ് അയാൾ വാഹനത്തിനുള്ള പാർട്സെല്ലാം സംഘടിപ്പിച്ചത്. സ്റ്റിയറിങ്ങ് സ്വന്തമായി ഉണ്ടാക്കി. ഓട്ടോറിക്ഷയുടെ ചക്രങ്ങൾ ഘടിപ്പിച്ച വണ്ടി സ്റ്റാർടാക്കാൻ ടൂ വീലറിലേതുപോലെ കിക്ക് സ്റ്റാർട് ചെയ്യണം. 50,000-60000 രൂപയാണ് വാഹനം നിർമിക്കാൻ ചെലവായതെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
ഗംഭീരമായ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യമാണ് വാഹനം നിർമിച്ച ആൾ പ്രകടമാക്കിയതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ പറയുന്നു. വാഹന നിർമാണ നിയമങ്ങൾ പാലിച്ചുകൊണ്ടല്ല വണ്ടി നിർമിച്ചിട്ടുള്ളത് എന്നതിനാൽ ഈ വാഹനം റോഡിൽ ഇറക്കാൻ മോട്ടോർ വാഹന വകുപ്പ് അധിക കാലം ഇദ്ദേഹത്തെ അനുവദിക്കില്ല. അതിനാൽ ഇദ്ദേഹത്തിന് യാത്ര ചെയ്യാൻ ഒരു ബൊലേറോ കാർ സമ്മാനമായി നൽകാനാണ് താൻ ആഗ്രഹിക്കുന്നത്.
കുറഞ്ഞതുകൊണ്ട് കൂടുതൽ കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് വാഹനമെന്ന് മഹീന്ദ്ര പറഞ്ഞു. ഇത് നിർമിച്ചയാളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളർന്നുവരുന്ന സംരംഭകരെ പ്രചോദിപ്പിക്കാൻ ഇതിനാവും. അത്ഭുതകരമായ ഈ സൃഷ്ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.