ശ്രീശങ്കറിനെ തകർത്ത് ജെസ്വിൻ ആൽഡ്രിന് ലോങ്ജംപ് ദേശീയ റെക്കോർഡ്
ബെംഗളൂരു: പുരുഷ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് തമിഴ്നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്വന്തമാക്കി. ദേശീയ ഓപ്പൺ ജംപ് ചാമ്പ്യൻഷിപ്പിൽ 8.42 മീറ്റർ പിന്നിട്ട് സ്വർണം നേടിയ 21 കാരനായ ജെസ്വിൻ 8.36 മീറ്റർ പിന്നിട്ട കേരളത്തിന്‍റെ എം ശ്രീശങ്കറിന്‍റെ റെക്കോർഡാണ് തകർത്തത്. പുരുഷൻമാരുടെ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ അഞ്ച് വർഷമായി ശ്രീശങ്കറിന്‍റെ പേരിലായിരുന്നു. മലയാളി താരം അനീസാണ് പുരുഷ ലോങ്ജംപിൽ വെള്ളി നേടിയത്. വനിതകളുടെ ലോങ്ജമ്പിൽ മലയാളിയായ എൽ ശ്രുതി ലക്ഷ്മിയാണ് സ്വർണം നേടിയത്. വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണ്ണം നേടിയ കേരളത്തിന്‍റെ ഗായത്രി ശിവകുമാർ (12.98 മീറ്റർ ) മീറ്റ് റെക്കോർഡ് സ്വന്തമാക്കി.