പിഎച്ച്‌ഡി പ്രവേശനത്തിനുള്ള പരീക്ഷ നേരിട്ട് നടത്തുമെന്ന് ജെഎൻയു
ന്യൂഡൽഹി: 2023ൽ പിഎച്ച്‌ഡി പ്രവേശന പരീക്ഷ നേരിട്ട് നടത്തുമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി നാഷണൽ എക്സാമിനേഷൻ ഏജൻസി നടത്തുന്ന പരീക്ഷകൾ സർവകലാശാല നടത്തണമെന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ഡി.പണ്ഡിറ്റ് പറഞ്ഞു. മൾട്ടിപ്പിൾ ചോയ്സ് മോഡലിലാണ് നിലവിൽ എൻടിഎ ഓൺലൈനിൽ പരീക്ഷകൾ നടത്തുന്നത്. എന്നാൽ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അനലിറ്റിക്കൽ കഴിവ് പരീക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആവശ്യമാണ്. ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തി സർവകലാശാല നേരിട്ട് പരീക്ഷ നടത്തണമെന്ന അധ്യാപക സംഘടനയും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു, ഈ നിർദ്ദേശം അധികൃതർ അംഗീകരിച്ചു.