ജോലി തട്ടിപ്പ്; മ്യാൻമറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ 8 പേർ തിരിച്ചെത്തി
തിരുവനന്തപുരം: മ്യാൻമറിൽ ആയുധധാരികളായ സംഘം ബന്ദികളാക്കിയിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ട് പേർ നാട്ടിലെത്തി. പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനും ചെന്നൈയിലെത്തിയവരിൽ ഉൾപ്പെടുന്നു. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങുന്ന ആദ്യ മലയാളിയാണ് വൈശാഖ്. നിരവധി മാധ്യമങ്ങൾ ഇവരുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് കേരള സർക്കാർ നോർക്ക വഴി യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കിയത്. ഇന്ത്യൻ സർക്കാർ സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്ന് മ്യാൻമർ-തായ്ലൻഡ് അതിർത്തിയിൽ സായുധ സംഘം വൈശാഖിനെയും മറ്റുള്ളവരെയും ഇറക്കി വിടുകയായിരുന്നു. അതിർത്തിയിലെ ഹോട്ടലിൽ എത്തിയ ഇവർ പിന്നീട് ബാങ്കോക്കിലെ ഇന്ത്യൻ എംബസിയിലെത്തി. കാട്ടിലൂടെ നടത്തിച്ചും ബോട്ടിൽ കയറ്റി പുഴ കടത്തിയുമാണ് ഇവരെ അതിർത്തിയിൽ എത്തിച്ചത്. ഇവിടെ നിന്ന്, 10 പേരും അവരുടെ കൈയിലുള്ള പണം മുടക്കി പടിഞ്ഞാറൻ തായ്ലൻഡിലെ മിയസോട്ട് നഗരത്തിൽ എത്തി. തുടർന്ന് ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു. ഡാറ്റാ എൻട്രി ജോലികൾക്കായി തായ്ലൻഡിലേക്ക് പോയ 300 ലധികം ഇന്ത്യക്കാരെയാണ് സായുധ സംഘം മ്യാൻമറിലേക്ക് തട്ടിക്കൊണ്ടുപോയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വാർത്ത വന്ന ശേഷം അടുത്ത ദിവസം തന്നെ മ്യാൻമറിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനം ആരംഭിക്കാനും നിർദ്ദേശം നൽകി. നയതന്ത്ര തലത്തിലെ നീക്കങ്ങൾ ഫലം കാണില്ലെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മറ്റ് മാർഗങ്ങൾ തേടുകയാണെന്ന് മ്യാൻമറിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. തുടർന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി തടവുകാരുമായി ബന്ധപ്പെടുകയും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു.