ജോ ബൈഡന് വീണ്ടും നാക്കുപിഴ; കമലാ ഹാരിസിനെ "ഫസ്റ്റ് ലേഡി" എന്ന് വിശേഷിപ്പിച്ചു
യു എസ് പ്രസിഡണ്ട് ജോ ബൈഡൻ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ "പ്രഥമ വനിത" എന്ന് തെറ്റായി വിശേഷിപ്പിച്ചത് സദസ്സിൽ പൊട്ടിച്ചിരി പടർത്തി. അബദ്ധം പിണഞ്ഞെന്ന് മനസ്സിലാക്കിയ ബൈഡൻ ഉടൻ തന്നെ സ്വയം തിരുത്തി.
വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് 79-കാരനായ പ്രസിഡണ്ടിന് നാക്കുപിഴ സംഭവിച്ചത്. വൈസ് പ്രസിഡണ്ട് കമല ഹാരിസ് പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. അത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നതിന് ഇടയിലാണ് അബദ്ധം പിണഞ്ഞത്.
പ്രഥമ വനിതയുടെ ഭർത്താവിന് കൊവിഡ് ബാധിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ ചെറിയ മാറ്റമുണ്ടെന്നാണ് ബൈഡൻ പറഞ്ഞത്. ഉടൻ തന്നെ ചിലർ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹത്തെ തന്നെയാണ് അർത്ഥമാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു. അത് ശരിയാണല്ലോ എന്ന് പറഞ്ഞു കൊണ്ട് പ്രഥമ വനിതയ്ക്കും അവരുടെ ഭർത്താവിനും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രസകരമായി തിരുത്ത് വരുത്തിയതോടെ സദസ്സിൽ കൂട്ടച്ചിരി പടർന്നു.
ഇതാദ്യമായല്ല അമേരിക്കൻ പ്രസിഡണ്ടിന് നാക്കുപിഴ സംഭവിക്കുന്നത്. കഴിഞ്ഞ വർഷം വൈസ് പ്രസിഡണ്ട് കമല ഹാരിസിനെ "പ്രസിഡണ്ട് ഹാരിസ് " എന്ന് തെറ്റായി സംബോധന ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. രണ്ടാഴ്ച മുമ്പും
അമേരിക്കൻ പ്രസിഡണ്ടിന് നാക്കുപിഴ പറ്റിയിരുന്നു. ഉക്രേനിയൻ ജനതയ്ക്കുള്ള അമേരിക്കൻ പിന്തുണ ആവർത്തിച്ചുറപ്പിക്കുന്ന അമേരിക്കൻ കോൺഗ്രസ്സിലെ പ്രസംഗത്തിനിടയിലാണ് ബൈഡന് അബദ്ധം പിണഞ്ഞത്. ഉക്രേനിയക്കാരെ ഇറാനിയൻ ജനത എന്നാണ് ജോ ബൈഡൻ അബദ്ധത്തിൽ അഭിസംബോധന ചെയ്തത്.
"ടാങ്കുകൾ കൊണ്ട് കീവ് നഗരം വളയാൻ പുതിന് കഴിഞ്ഞേക്കാം. എന്നാൽ ഇറാനിയൻ ജനതയുടെ ഹൃദയവും മനസ്സും കവരാൻ അദ്ദേഹത്തിനാവില്ല," സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ബൈഡൻ പറഞ്ഞു.