അമേരിക്കൻ പ്രസിഡണ്ടിന് നാക്കുപിഴ; ഉക്രേനിയക്കാരെ ഇറാനിയൻകാരാക്കി
ഉക്രേനിയൻ ജനതയ്ക്കുള്ള അമേരിക്കൻ പിന്തുണ ആവർത്തിച്ചുറപ്പിക്കുന്ന അമേരിക്കൻ കോൺഗ്രസ്സിലെ പ്രസംഗത്തിനിടെ നാക്കുപിഴ പറ്റി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഉക്രേനിയക്കാരെ ഇറാനിയൻ ജനത എന്നാണ് ജോ ബൈഡൻ അബദ്ധത്തിൽ അഭിസംബോധന ചെയ്തത്.
"ടാങ്കുകൾ കൊണ്ട് കീവ് നഗരം വളയാൻ പുതിന് കഴിഞ്ഞേക്കാം. എന്നാൽ ഇറാനിയൻ ജനതയുടെ ഹൃദയവും മനസ്സും കവരാൻ പുതിനാവില്ല," സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ബൈഡൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിന് എതിരെ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടായിരുന്നു ബൈഡൻ്റെ പ്രസംഗം.
ബൈഡന് സംഭവിച്ച നാക്കുപിഴ ഉടൻ തന്നെ ഇൻ്റർനെറ്റിൽ ട്രെൻഡായി. 79 കാരനായ ബൈഡന് പ്രസംഗത്തിനിടെ നാക്കുപിഴ സംഭവിക്കുന്നത് ഇതാദ്യമല്ല. കുട്ടിക്കാലത്ത് അദ്ദേഹത്തിന് സംസാരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസാരത്തിലെ പരിമിതികൾ മറികടക്കാൻ യീറ്റ്‌സിന്റെയും എമേഴ്‌സന്റെയും കൃതികൾ പാരായണം ചെയ്യാൻ ദീർഘനേരം ചെലവഴിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം വൈസ് പ്രസിഡണ്ട് കമല ഹാരിസിനെ "പ്രസിഡണ്ട് ഹാരിസ് " എന്ന് തെറ്റായി സംബോധന ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിനിടെ, റഷ്യൻ സേനയ്‌ക്കെതിരെ തന്റെ രാജ്യം ഉക്രയ്‌നിൽ സൈനികരെ വിന്യസിക്കില്ലെന്ന് ബൈഡൻ ആവർത്തിച്ചു. ഉക്രയ്നിലെ റഷ്യയുടെ ആസൂത്രിതമായ ആക്രമണത്തെ അപലപിച്ച ബൈഡൻ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ സ്വതന്ത്ര ലോകത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി.