റഷ്യ നടത്തുന്നത് വംശഹത്യ; ഉക്രയ്ൻ ജനതയെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കം: ജോ ബൈഡൻ
ഉക്രയ്‌നിലെ റഷ്യൻ യുദ്ധം വംശഹത്യയ്ക്ക് തുല്യമാണെന്ന് യു എസ് പ്രസിഡണ്ട് ജോ ബൈഡൻ. ഉക്രയ്ൻ ജനതയെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഉക്രേനിയൻ എന്ന ആശയത്തെ പോലും ഇല്ലാതാക്കാനാണ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ്റെ ശ്രമമെന്ന് അമേരിക്കൻ പ്രസിഡണ്ട് ആരോപിച്ചു.
വാഷിങ്ങ്ടണിലേക്ക് മടങ്ങുന്നതിന് എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് തൊട്ടുമുമ്പ് അയോവയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രയ്‌നെതിരെ പുതിൻ വംശഹത്യ നടത്തുകയാണെന്ന് നേരത്തെ ഒരു പരിപാടിയിൽ സംസാരിക്കവേ താൻ പറഞ്ഞത് ബോധപൂർവമാണ്. അക്കാര്യം കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
റഷ്യക്കാർ ഉക്രയ്‌നിൽ ചെയ്ത ഭയാനകമായ കാര്യങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ട്. അതിന് വംശഹത്യ എന്ന വിശേഷണം അനുയോജ്യമാണോ അല്ലയോ എന്നത് അന്താരാഷ്ട്രതലത്തിൽ അഭിഭാഷകർ തീരുമാനിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.