ഉക്രയ്ൻ ഒരിക്കലും പുതിന്റെ വിജയമാകില്ലെന്ന് ജോ ബൈഡൻ
ഉക്രയ്ൻ ഒരിക്കലും പുതിന്റെ വിജയം ആകില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഉക്രയ്നിൽ റഷ്യ നടത്തുന്ന അധിനിവേശം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഉക്രയ്ൻ ജനതയ്ക്ക് തീരാ ദുരിതമാണ് യുദ്ധം സമ്മാനിച്ചത്. ദശലക്ഷങ്ങൾ അഭയാർഥികളായി. ന്യായീകരിക്കാൻ ആവാത്ത ദുരന്തം ഉക്രയ്ൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ച പുതിനെതിരെ ലോക ജനത രോഷം കൊള്ളുകയാണ്. അതിനാൽ പുതിന് ഈ യുദ്ധത്തിൽ വിജയം അവകാശപ്പെടാൻ കഴിയില്ല.
റഷ്യയെ ദുർബലപ്പെടുത്തുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്ത യുദ്ധം എന്നാകും ചരിത്രകാരന്മാർ ഈ യുദ്ധത്തെ അടയാളപ്പെടുത്തുകയെന്നും ബൈഡൻ പറഞ്ഞു. പുതിന് നേരെ കടുത്ത വാക്കുകളാണ് ബൈഡൻ പ്രയോഗിച്ചത്. രണ്ടു ദശലക്ഷം അഭയാർഥികളെ ഉണ്ടാക്കിയ യുദ്ധം പുതിന്റെ മാത്രം സൃഷ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിന് പുതിൻ വലിയ വില നൽകേണ്ടി വരും. ഒരു നഗരം പിടിച്ചെടുക്കാൻ പുതിന് കഴിഞ്ഞേക്കാം. എന്നാൽ ഒരു രാജ്യം കീഴടക്കാൻ പുതിന് ഒരിക്കലും കഴിയില്ല.
ഉക്രയ്ൻ അഭയാർഥികളെ പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തിൽ അമേരിക്ക പങ്കുചേരുമെന്ന് ബൈഡൻ പറഞ്ഞു. ചെലവ് പൂർണമായും ഉക്രയ്ൻ അതിർത്തിയിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ബാധ്യതയായി മാറില്ല.