ജോ ബൈഡൻ-ഷി ജിൻപിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്. അടുത്തയാഴ്ചയിൽ തന്നെ ഇരുവർക്കും ഇടയ്ക്കുള്ള വെർച്വൽ യോഗം നടന്നേക്കുമെന്നാണ് പറയപ്പെടുന്നത്. ലോകത്തെ രണ്ട് വൻ സമ്പദ് ശക്തികളായ രാഷ്ട്രങ്ങൾക്കിടയിൽ ബന്ധത്തിൽ നിരവധി വിള്ളലുകളുണ്ട്. ലോക കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡൻ്റ് വിട്ടുനിന്നതിനെ ജോ ബൈഡൻ വിമർശിച്ചിരുന്നു.
യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും ഉന്നത ചൈനീസ് നയതന്ത്ര പ്രതിനിധി യാങ്ങ് ജീച്ചിയും തമ്മിൽ കഴിഞ്ഞ മാസം സ്വിസ് നഗരമായ സൂറിച്ചിൽ നടത്തിയ കൂടിയാലോചനയിലാണ് ബൈഡൻ-ഷി യോഗത്തിൻ്റെ തീരുമാനം കൈക്കൊണ്ടത്. കൊവിഡ് മൂലമുള്ള ചൈനയിലെ കടുത്ത നിയന്ത്രണങ്ങളും യാത്ര ചെയ്യാനുള്ള ഷിയുടെ വൈമനസ്യവുമാണ് വെർച്വൽ യോഗം എന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അറിയുന്നു. എന്നാൽ വൈറ്റ് ഹൗസ് വക്താവും വാഷിങ്ടണിലെ ചൈനീസ് എംബസിയും ലോകനേതാക്കളുടെ അടുത്തയാഴ്ചയിലെ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.