ഉക്രയ്ൻ ഉടൻ വിടാൻ അമേരിക്കൻ പൗരന്മാരോട് ജോ ബൈഡൻ
യുദ്ധത്തെ കുറിച്ചുള്ള ആശങ്കകൾ പരക്കുന്നതിനിടെ അമേരിക്കൻ പൗരന്മാരോട് ഉടൻ ഉക്രയ്ൻ വിട്ടുപോകാൻ പ്രസിഡണ്ട് ജോ ബൈഡൻ ആവശ്യപ്പെട്ടു. മോസ്കോയുമായി ഏതു നിമിഷവും ഏറ്റുമുട്ടൽ ഉണ്ടായേക്കാം എന്ന സൂചനയാണ് ഇതിലൂടെ വരുന്നത്.
"അമേരിക്കൻ പൗരന്മാർ ഉക്രയ്ൻ വിടണം, ഇപ്പോൾത്തന്നെ വിടണം," എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സൈന്യവുമായാണ് അമേരിക്ക ഇടപെടാൻ പോകുന്നതെന്നും സാഹചര്യം വളരെ വ്യത്യസ്തമാണെന്നും കാര്യങ്ങൾ പെട്ടന്ന് കൈവിട്ടുപോയേക്കാം എന്നും ഉക്രയ്നിൽ ഇപ്പോഴും തങ്ങുന്ന അമേരിക്കൻ പൗരന്മാർക്ക് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.
റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻപോലും ഉക്രയ്നിലേക്ക് സൈനികരെ അയയ്ക്കില്ലെന്ന പതിവ് പല്ലവി ബൈഡൻ ആവർത്തിച്ചു. "എങ്കിൽ അതൊരു ലോക മഹായുദ്ധമാണ്. അമേരിക്കക്കാരും റഷ്യക്കാരും പരസ്പരം വെടിയുതിർക്കാൻ തുടങ്ങിയാൽ നാം തികച്ചും വ്യത്യസ്തമായ ഒരു ലോകത്താണ്," അദ്ദേഹം പറഞ്ഞു.
ശീതയുദ്ധത്തിനുശേഷം വാഷിങ്ങ്ടൺ-മോസ്കോ സംഘർഷം അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ചില യു എസ് കണക്കുകൾ പ്രകാരം 1,30,000 റഷ്യൻ സൈനികരാണ് ഉക്രയ്നുമായുള്ള അതിർത്തിക്കടുത്ത് തമ്പടിച്ചിരിക്കുന്നത്.