ജോൺസൺ ആൻ്റ് ജോൺസൻ്റെ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 85 ശതമാനം ഫലപ്രദമെന്ന് പഠനം

ജോൺസൺ ആൻ്റ് ജോൺസൻ്റെ അധിക ഡോസ് വാക്സിൻ കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ വലിയ തോതിൽ ഫലപ്രദമെന്ന് പഠനം. ദക്ഷിണാഫ്രിക്കൻ സർക്കാർ നടത്തിയ പഠനത്തിലാണ് ജോൺസൻ്റെ അധിക ഡോസ് എടുത്തവരിലെ ആശുപത്രി പ്രവേശനം 85 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായി കണ്ടെത്തിയത്.

വൈറൽ വെക്റ്റർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച വാക്സിൻ്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 69,000 ആരോഗ്യ പ്രവർത്തകരെയാണ് വാക്സിനേഷൻ എടുക്കാത്തവരുമായി താരതമ്യം ചെയ്തത്. ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിലാണ് ഗവേഷണം നടത്തിയത്.

ഗവേഷണ ഫലങ്ങൾ ഇതുവരെ പിയർ റിവ്യൂ ചെയ്തിട്ടില്ല. ഒമിക്രോൺ വകഭേദം കണ്ടെത്തി രാജ്യത്തെ കൊവിഡ്-19 കേസുകൾ 82 ശതമാനത്തിൽനിന്ന് 98 ശതമാനമായി വർധിച്ച നവംബർ 15 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ആദ്യ ഡോസ് എടുത്ത് ആറ് മുതൽ ഒമ്പത് മാസം വരെ കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയത്. അധിക ഡോസ് എടുത്തവരിൽ ആശുപത്രി പ്രവേശനം 85 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായി ഗവേഷകർ അവകാശപ്പെടുന്നു

Related Posts